ശരീരത്തിന്റെ രൂപഘടനയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് അനാട്ടമി (Anatomy). ഇത് ജീവശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ആകൃതിവിജ്ഞാന (Morphology) ത്തിന്റെ ശാഖകളിലൊന്നാണ്. പലപ്പോഴും ആകാരവിജ്ഞാനീയത്തിന്റെ പര്യായമായും അനാട്ടമി എന്ന പദം പ്രയോഗിക്കാറുണ്ട്. അതിവിപുലവും സങ്കീര്‍ണ്ണവുമായ ഈ ശാസ്ത്രശാഖയെ വിവിധ രീതിയില്‍ വിഭജിച്ചിരിക്കുന്നു. പഠനവിഷയമാകുന്ന ആവശ്യങ്ങളെ പരിഗണിച്ചാണ് മുഖ്യമായും ഈ വിഭജനം നിര്‍വഹിച്ചിരിക്കുന്നത്. 

അതിപ്രാചീനകാലം മുതല്‍ തന്നെ നിലവിലുണ്ടായിരുന്ന ഒരു ശാസ്ത്രശാഖയാണ് അനാട്ടമി. ബി.സി. ആറാം ശതകത്തില്‍ ജീവിച്ചിരുന്ന സുശ്രുതനാണ് ഈ ശാസ്ത്രത്തിന് ആരംഭം കുറിച്ച ഭാരതീയനെന്നു കരുതപ്പെടുന്നു. എ.ഡി.100-നും 200-നുമിടയില്‍ ജീവിച്ചിരുന്ന വാഗ്ഭടന്‍ തുടങ്ങിയവരും ഈ ശാസ്ത്രശാഖയ്ക്ക് പില്‍ക്കാലത്ത് കാര്യമായ സംഭാവന നല്കിയവരാണ്. അനാട്ടമിയെന്ന ആംഗലഭാഷാപദപ്രയോഗം കൊണ്ട് വ്യാപകമായ അര്‍ത്ഥത്തില്‍, മനുഷ്യനെക്കൂടാതെ പക്ഷിമൃഗാദികളും സസ്യങ്ങളും ജന്തുക്കളും ഇതിന്റെ പരിധിയില്‍പ്പെടും. ആന്തരാവയവങ്ങളുടെ ഘടന ഉള്‍പ്പെടെയുള്ള ബൃഹത്തായ ശാസ്ത്രശാഖയാണിത്. ചിത്രകാരന്മാര്‍ക്കും ശില്പികള്‍ക്കും ബാഹ്യശരീരഘടന മാത്രം വശത്താക്കിയാല്‍ മതിയാകും.

ഒരു അഭിപ്രായം ഇടൂ